മുൻപേ നടന്ന ഡോക്ടറമ്മ

Edited by: IMAlive Editorial Team of Doctors

തിരുവിതാംകൂറിന്റെ ഓര്‍മ്മകളുള്ള മുതിര്‍ന്ന തലമുറയിലെ ചിലരെങ്കിലും ഡോ. മേരി പുന്നന്‍ എന്ന പേര് കേട്ടിരിക്കും. ജനിക്കുമെന്നോ, ജനിച്ചാല്‍ തന്നെ ജീവിക്കുമെന്നോ ഉറപ്പില്ലാതിരുന്ന ഒരു കാലത്ത് സുരക്ഷിതമായ ജനനം നടത്തി, ജീവിതം സമ്മാനിച്ച ഡോക്ടറെ അവര്‍ നന്ദിയോടെ ഓര്‍ക്കുന്നുണ്ടാവും.

ആരോഗ്യരംഗത്ത് ഒന്നാം സ്ഥാനവും മാതൃ-ശിശു മരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമെന്ന പദവിയും വീണ്ടും കേരളം നിലനിര്‍ത്തിയെന്ന നിതി ആയോഗിന്റെ റിപ്പോര്‍ട്ട് വരുന്നതിനു രണ്ടു ദിവസം മുമ്പാണ് മലയാള മനോരമ പബ്ലിക്കേഷന്‍സ് ‘ Trailblazer, The Legendary Life and Times of Dr Mary Poonen Lukose, Surgeon General of Travancore’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്നത്. കേരളത്തിന്റെ ആരോഗ്യരംഗത്ത് ആധുനികതയുടെ പുതിയ യുഗത്തിന് തുടക്കമിട്ട ഡോ. മേരി പുന്നന്‍ ലൂക്കോസിന്റെ ഐതിഹാസിക ജീവിതത്തെക്കുറിച്ച് പറയുന്ന പുസ്തകമാണിത്. ഇന്ത്യയിലെ ആദ്യത്തെ വനിതാ സര്‍ജന്‍ ജനറലും തിരുവിതാംകൂര്‍ ആരോഗ്യ വകുപ്പിന്റെ മേധാവിയുമായിരുന്നു ഡോ. മേരി.


പെണ്‍കുട്ടിയാണെന്ന കാരണത്താല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ അവര്‍ക്ക് സയന്‍സ് ബിരുദത്തിന് അഡ്മിഷന്‍ നിഷേധിക്കപ്പെട്ടു. ചരിത്ര പഠനത്തിനാണ് അഡ്മിഷന്‍ കിട്ടിയത്. കോളേജിലെ ഒരേയൊരു പെണ്‍ വിദ്യാര്‍ത്ഥി അങ്ങനെ കേരളത്തില്‍ ബിരുദം നേടുന്ന ആദ്യത്തെ വനിതയുമായി. അക്കാലത്ത് ഇന്ത്യയില്‍ മെഡിസിന്‍ പഠനത്തിന് സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ല. തിരുവിതാംകൂറിലെ ആദ്യത്തെ മെഡിക്കല്‍ ബിരുദധാരിയായ തന്റെ അച്ഛന്റെ സഹായത്തോടെ ലണ്ടനില്‍ പോയി ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടി. പിന്നീട് പലയിടങ്ങളില്‍ നിന്നായി ഗൈനക്കോളജി-ഒബ്സ്ട്രറ്റിക്സിലും പീഡിയാട്രിക്സിലും പരിശീലനവും. കുറച്ചുകാലം യുകെയിലെ പല ആശുപത്രികളിലും ജോലി ചെയ്ത് തികഞ്ഞ അനുഭവപരിചയവുമായാണ് അവര്‍ കേരളത്തിലേക്കു മടങ്ങിയത്. 1916 ല്‍ കേരളത്തിലെത്തിയ ഡോ. മേരി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള തൈക്കാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ ഒബ്സ്ടട്രീഷ്യനായി സേവനമാരംഭിച്ചു.

Read more

https://www.imalive.in/news/health-and-wellness-news/759/the-first-female-surgeon-general-in-india-mary-poonen-lukose