ആർത്തവവിരാമം

എകദേശം 45-55 വയസാവുന്നതോടെ സ്ത്രീകളിൽ ഈസ്ട്രജൻ പ്രവർത്തനം നിലയ്ക്കുന്നതോടെയാണ് ആർത്തവദിനങ്ങൾക്ക് തിരശീല വീഴുന്നത്. അണ്ഡാശയങ്ങളിൽ ഹോർമോൺ ഉല്പാദനവും അണ്ഡോല്പാദനവും അവസാനിക്കുന്നതോടെയാണ് ആർത്തവവിരാമം അഥവാ മെനോപോസ് സംഭവിക്കുന്നത്. ആർത്തവാരംഭം പോലെ തന്നെ ഏതൊരു  സ്ത്രീയുടെയും ജീവിതത്തിലെ മറ്റൊരു ടേണിംഗ് പോയിന്റ് ആണ് ആർത്തവവിരാമവും. ഈസ്ട്രജൻ ഹോർമോണിന്റെ അഭാവം ചില സ്ത്രീകളിലെങ്കിലും ശാരീരിക മാനസിക പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുന്നുണ്ട്. എന്നാൽ ശരിയായ ഭക്ഷണശൈലിയിലൂടെയും വ്യായാമത്തിലൂടെയും മാനസികോല്ലാസത്തിലൂടെയും ഇതിനെയെല്ലാം അനായാസം മറികടക്കാവുന്നതേയുള്ളു.

ലക്ഷണങ്ങൾ പതിനഞ്ചു വർഷങ്ങൾക്കു മുമ്പേ

സാധാരണയായി 12-14 വയസിലാണ് പെൺകുട്ടികളിൽ ആർത്തവാരംഭം. എല്ലാ മാസവും കൃത്യമായി പിരീഡ്സ് (ആർത്തവം) വന്നുകൊണ്ടിരുന്ന ആരോഗ്യവതിയായ സ്ത്രീക്ക് ആറു മാസം മുതൽ ഒരു വർഷം വരെ ആർത്തവം വരാതിരിക്കുന്ന അവസ്ഥയാണ് ആർത്തവവിരാമം അഥവാ മെനോപോസ്. യഥാർത്ഥത്തിൽ മെനോപോസിന്റെ ലക്ഷണങ്ങൾ 10-15 വർഷങ്ങൾ മുമ്പേ കണ്ടുതുടങ്ങുമെങ്കിലും വളരെ മെല്ലെയുള്ള മാറ്റമായതിനാൽ ആരും തിരിച്ചറിയാറില്ല എന്നതാണ് സത്യം. ആർത്തവവിരാമം മറ്റു കാരണങ്ങൾ കൊണ്ടും സംഭവിക്കാം. ചില സ്ത്രീ കളിൽ 35 വയസാകുമ്പോഴേക്കും ആർത്തവവിരാമം ഉണ്ടാകുന്നു. ഗർഭപാത്രത്തിൽ മുഴ, കാൻസർ, ഗർഭപാത്രം നീക്കം ചെയ്യൽ ഇതെല്ലാം കാരണങ്ങളാകാം. കീമോതൊറാപ്പി പോലുള്ള ട്രീറ്റ് മെന്റിനിടെ ചിലരിൽ ആർത്തവം അവസാനിക്കുന്നു. ചെറുപ്പക്കാരിലാണെങ്കിൽ ഈസ്ട്രജൻ ഹോർമോണിന്റെ ഉല്പാദനം നടത്തുന്നതിനാൽ അണ്ഡാശയം നിലനിർ ത്തുവാൻ ഡോക്ടർമാർ പരമാവധി ശ്രദ്ധിക്കാറുണ്ട്. മെനോപാസുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാനാണിത്. ആർത്തവവിരാമത്തിൽ പാരമ്പര്യം ഒരു നിർണായകഘടകമാണ്. കുടുംബത്തിൽ അമ്മ, സഹോദരിമാർ എന്നിവർക്ക് എതു പ്രായത്തിലാണ് മെനോപോസ് സംഭവിച്ചത് എന്നതും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഘടകമാണ്. പലരിലും പല തരത്തിലാണ് ആർത്തവവിരാമം ഉണ്ടാവുക.

നന്നേ ചെറുപ്രായത്തിലേ ആർത്തവം ആരംഭിച്ചവരിൽ ആർത്തവവിരാമം നേരത്തെ ആയിരിക്കുമെന്ന ധാരണ ശരിയല്ല. ആർത്തവം നേരത്തെ വരുന്നതും ആർത്തവവിരാമം നീണ്ടു പോകുന്നവരിലും ഈസ്ട്രജൻ സ്വാധീനം കൂടുതലായിരിക്കും. ചിലരിൽ ആർത്തവം ക്രമേണ കുറഞ്ഞ് വരുമ്പോൾ അത്യപൂർവമായി മാത്രം ചിലരിൽ ആർത്തവം പെട്ടെന്ന് നിലയ്ക്കുന്നതായും കണ്ടുവരുന്നു.

കുടുംബത്തിന്റെ പിന്തുണ പ്രധാനം

മെനോപോസിലൂടെ കടന്നു പോകുന്നവർക്കായി ആശുപ്രതികളിൽ കൗൺസലിംഗിനുള്ള സൗകര്യമുണ്ട്. ഈയിടെയായി ഭാര്യ തന്നോടും മക്കളോടും അനാവശ്യമായി തട്ടിക്കയറുന്നു, പാത്രവും മറ്റും വലിച്ചെറിയുന്നു എന്നിങ്ങനെ പരാതികളുമായി ഡോക്ടറുടെ മുന്നിലെത്തുന്നവർ നിരവധിയാണ്. കൗൺസലിംഗ് വേണ്ടത് ഭാര്യയോടൊപ്പം കുടുംബാംഗങ്ങൾക്കെല്ലാമാണ്. ആർത്തവം പോലെ തന്നെ ആർത്തവവിരാമവും ജീവിതത്തിലെ അനിവാര്യമായ ഘട്ടമാണെന്ന് അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഭാര്യ എന്ന നിലയിൽ ഭർത്താവും അമ്മ എന്ന നിലയിൽ മക്കളും കരുതൽ നൽകേണ്ട ഘട്ടമാണിത്. ആർത്തവവിരാമത്തിനുശേഷമുള്ള ജീവിതം ആഹ്ളാദകരമാ ക്കുന്നതിൽ കുടുംബത്തിന്റെ പിന്തുണ നിർണായകമാണ്. മറിച്ചായാൽ കുടുംബത്തിന്റെ സമാധാനാന്തരീക്ഷം ആകെ അലങ്കോലമാകും.

എ. എം. എച്ച് ഹോർമോൺ പരിശോധിക്കാം

ശരീരത്തിലെ എ.എം. എച്ച് ഹോർമോൺ നില പരിശോധിച്ചാൽ മെനോപോസിന്റെ എകദേശ സമയം പ്രവചിക്കാനാകും. ടെസ്റ്റിലൂടെ ഈസ്ട്രജൻ പ്രൊജസ്ഥാൺ ഹോർമോണുകളുടെ ഉല്പാദനത്തെയും അണ്ഡാശയത്തിന്റെ ശേഷിയെക്കുറിച്ചും മനസ്സിലാക്കുന്നതിലൂടെയാണ് ഇതു നിർണ്ണയിക്കാനാവുക.

ഹോട്ട്ഫ്ലഷും ഉറക്കമില്ലായ്മയും

അനിയന്ത്രിതവും അസ്ഥാനത്തുമുള്ള വികാരപ്രകടനങ്ങൾ മെനോപോസിന്റെ ഭാഗമാണ്. അകാരണമായ സങ്കടം, ദേഷ്യം, ഉറക്കമില്ലായ്മ, ഓർമ്മക്കുറവ്, ദഹനപ്രശ്നങ്ങൾ, തലവേദന, ശരീരഭാരം കൂടുക, ഹോട്ട് ഫ്ലഷ്, നല്ല തണുപ്പിലും വിയർത്തൊഴുകുക, അസ്ഥിക്ഷയം, വിഷാദരോഗം,ലൈംഗികതാല്പ്പര്യം കുറയുക, മൂത്രത്തിൽ അണുബാധ, സ്തനങ്ങളുടെ വലുപ്പം കുറയുക, മൂത്രശങ്ക നിയന്ത്രിക്കാനുള്ള ശേഷി കുറയുന്നതിന്റെ ഫലമായി ഇടയ്ക്കിടെ മൂത്രം ഒഴിക്കാൻ തോന്നുക ഇതെല്ലാം മെനോപോസുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളാണ്. ഹോട്ട് ഫ്ലഷ് എന്നറിയപ്പെടുന്ന പെട്ടെന്നുള്ള അത്യുഷ്ണം ഭൂരിഭാഗം സ്ത്രീകളും മെനോപോസ് വേളയിൽ അനുഭവിക്കുന്നു. ഹോട്ട് ഫ്ലഷ് ഉണ്ടാകുമ്പോൾ നെഞ്ചിടിപ്പും ക്രമാതീതമായി ഉയരാറുണ്ട്. ഈ അവസ്ഥ ഏതാനും നിമിഷത്തേക്ക് നീണ്ടുനിൽക്കുന്നു. വർഷങ്ങൾ കഴിയവേ ഹോട്ട് ഫ്ലഷിന്റെ വീര്യവും കുറഞ്ഞു വരും. ഹോട്ട്ഫ്ലഷ് തടയാൻ ധാരാളം വെള്ളം കുടിക്കു ആർത്തവവിരാമപ്രശ്നങ്ങൾന്നതും ഫലപ്രദമാണ്. ഇന്ന് പ്രതിരോധിക്കാൻ ഹോർമോൺ ചികിത്സകൾ നമ്മുടെ നാട്ടിലുണ്ടെങ്കിലും വിദഗ്ധ ഡോക്ടറുടെ മേൽനോട്ടത്തിലല്ലാതെ ചെയ്യരുത്.

ഈസ്ട്രജൻ എന്ന അനുഗ്രഹം

ഈസ്ട്രജന് സ്ത്രീശരീരത്തിലുള്ള റോൾ സുപ്രധാനമാണ്. ചർമ്മം, തലമുടി, നഖങ്ങൾ ഇവയുടെ തിളക്കവും സ്നിഗ്ദ്ധതയും മുതൽ കാൻസർ പ്രതിരോധത്തിൽപ്പോലും ഈസ്ട്രജന് റോളുണ്ട്. ഇതിന്റെ അഭാവം ചർമ്മകാന്തിയും ശരീരവടിവും നഷ്ടപ്പെടുത്തുന്നു. ത്വക്കിൽ പാടുകൾ വരാനും കാരണമാകുന്നു. മെനോപോസിനു ശേഷം 5-10 വർഷമെടുത്താവും ഇത്തരം ശാരീരിക മാറ്റങ്ങൾ വ്യക്തമായി തിരിച്ചറിയാനാവുക.
ഈസ്ട്രജൻ ഭക്ഷണത്തിൽ നിന്നും കാത്സ്യം വലിച്ചെടുക്കാനും ശരീരത്തിൽ സംഭരിക്കാനും സഹായിക്കുന്നു. ആർത്തവവിരാമത്തോടെ ഈസ്ട്രജന്റെ ഉല്പാദനം കുറയുന്നത് എല്ലുകളുടെ ബലത്തെ പ്രതികൂലമായി ബാധിക്കുന്നതോടെ ഓസ്മിയോപൊറോസിസിനും അതുവഴി എല്ലുകൾ പൊട്ടാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു. ഈസ്ട്രജൻ ശരീരത്തിലെ കൊളസ്ട്രോളിനെ ഫലപ്രദമായി വിനിയോഗിക്കാൻ സഹായിക്കുന്നു. ഈസ്ട്രജന്റെ അഭാവം കൊളസ്ട്രോൾ ശരീരത്തിലടിഞ്ഞുകൂടുന്നതിനും അതുവഴി ഹൃദയരോഗങ്ങൾക്കും കാരണമാകും. ഈസ്ട്രജൻ കുറയുന്നതോടെ ഉപാപയക്ഷപ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്നതോടെ ശരീരഭാരം കൂടാനിടയാകും. ഈസ്ട്രജൻ ഹൃദയത്തേയും രക്തക്കുഴലുകളേയും സംരക്ഷിക്കുന്നതിനാൽ ആർത്തവവിരാമത്തിനു ശേഷം ഹൃദയാരോഗ്യം, പ്രമേഹം, രക്ത സമ്മർദ്ദം എന്നിവയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. മസ്തിഷ്കപ്രവർത്തനങ്ങളിൽ സ്ത്രീഹോർമോണുകൾക്ക് സുപ്രധാന പങ്കുണ്ട്. ഹോർമോണുകളുടെ അഭാവത്തിൽ ഓർമ്മക്കുറവ്, വിഷാദരോഗം എന്നിവ വരാവുന്നതാണ്.
ഈസ്ട്രജൻ സമൃദ്ധമായ ആഹാരശൈലി പിന്തുടരുക. എന്നതാണ് ഇതിനൊരു പരിഹാരം. വ്യായാമവും മറ്റൊരു പരിഹാരമാണ്. ആഹാരപദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന ഈസ്ട്രജൻ ഘടകങ്ങളെ ഫൈറ്റോഈസ്ട്രജൻ എന്നു വിളിക്കുന്നു. സോയാബീൻ, ബ്രോക്കോളി, കോളിഫ്ലവർ, കാബേജ് എന്നിവ സ്തനാർബുദം, ഹൃദയരോഗങ്ങൾ എന്നിവയെ പ്രതിരോധിക്കുമെന്നുമാത്രമല്ല കാത്സ്യം, മഗ്നീഷ്യം, ഫോളിക് ആസിഡ് എന്നിവയാൽ സമ്പന്നമായതിനാൽ എല്ലുകളുടെ ആരോഗ്യത്തിനും മികച്ചതാണ്. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും മികച്ച ഔഷധമായ ശതാവരി ആർത്തവവിരാമത്തിലും നല്ലതാണ്.

അനീമിയയും കീഗൽ വ്യായാമവും

നാരുകളാൽ സമൃദ്ധമായ ആഹാരം രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറക്കുവാനും സഹായിക്കുന്നതിനാൽ മുഴുവൻ ഗോതമ്പ്, നുറുക്ക് ഗോതമ്പ്, ഓട്സ്, ബാർലി, കൂവരക്, പഴവർഗ്ഗങ്ങൾ, പരിപ്പു വർഗ്ഗങ്ങൾ, സോയാ ബീൻ, നട്സ്, ആപ്പിൾ, തവിടു കളയാത്ത അരി, ഗോതമ്പ്, ഒലിവ്, നാളികേരം, കാരറ്റ്, ചെറി, പ്ളം, കപ്പലണ്ടി, ഓടസ്, പെരുംജീരകം, ചേന, കാച്ചിൽ, എള്ള്, ഉലുവ, പുതിന, സാലഡുകൾ, പഴച്ചാറുകൾ, മുളപ്പിച്ച പച്ചക്കറികൾ ഇതെല്ലാം ശീലമാക്കുക. അതേസമയം മധുരം, ഉപ്പ്, കാപ്പി, ഫാസ്റ്റ് ഫുഡ്, കൊഴുപ്പു കൂടിയ ഭക്ഷണങ്ങൾ എന്നിവ പരമാവധി ഒഴിവാക്കേണ്ടതാണ്. ഉയർന്ന തോതിൽ കഫൈൻ ഉള്ളിൽ ചെല്ലുന്നത് ഉറക്കത്തെ തടയുന്നതിനാൽ ഉയർന്ന അളവിലെ കാപ്പി ഉപഭോഗം ഒഴിവാക്കേണ്ടതാണ്.

ആർത്തവം നിലയ്ക്കുന്നത് ഹീമോഗ്ലോബിൻ ലെവൽ താഴ്ത്തുകയും അനീമിയ അഥവാ വിളർച്ചയിലേക്കെത്തിക്കുകയും ചെയ്യുന്നു. അതിനാൽ അയൺ സമൃദ്ധമായ വിഭവങ്ങൾ ദിവസേന ഭക്ഷണത്തിലുൾപ്പെടുത്തുക. മുട്ട, മീൻ, മാംസം, പച്ചിലക്കറി ഇവയിൽ അയൺ സമൃദ്ധമാണ്. ആർത്തവവിരാമത്തോടെ ഉണ്ടാകുന്ന യോനീ വരൾച്ചയെ നേരിടാൻ വൈറ്റമിൻ ഇ അടങ്ങിയ എണ്ണക്കുരുക്കൾ, നട്സ്, നെയ്യ്, മത്സ്യം, മധുരക്കിഴങ്ങ് മുതലായവ കഴിക്കുക. ഡോക്ടറുടെ നിർദ്ദേശത്തോടെ കീഗൽ വ്യായാമം ചെയ്യുന്നത് യോനീപേശികളുടെ ബലം വർദ്ധിപ്പിക്കാൻ സഹായിക്കും. ശാന്തമായ ഉറക്കത്തിനായി പ്രാണായാമം പോലുള്ള ശ്വസനവ്യായാമങ്ങളും ധ്യാനവും യോഗയും പരിശീലിക്കുക. മനസിനെ ശാന്തവും ഏകാഗ്രവുമാക്കുവാനും മുൻകോപം കുറയ്ക്കാനും ധ്യാനം സഹായിക്കുന്നു.

അസ്ഥിക്ഷയം

30 വയസിനു ശേഷം സ്ത്രീകളിൽ അസ്ഥികൾക്ക് മെല്ലെ ബലക്ഷയം സംഭവിച്ചു തുടങ്ങുന്നു. ശരീരത്തിൽ നിന്നും കാത്സ്യത്തിന്റെ അളവു ക്രമേണ കുറഞ്ഞു വരുന്നതിനെ പ്രതിരോധിച്ചില്ലെങ്കിൽ ഗുരുതരമായ അസ്ഥിദ്രവീകരണത്തിലേക്കു വഴി തെളിച്ചെന്നുവരാം. അസ്ഥിഭംഗം അഥവാ ഓസ്റ്റിയോപൊറോസിസ് ഉള്ളവരിൽ ചെറുതായി ഒന്നു വീണാൽ തന്നെ എല്ലു പൊട്ടുന്ന അവസ്ഥയിലെത്താം. ഇത്തരക്കാർക്ക് നടുവേദന, നട്ടെല്ല് കൂനിക്കൂടുക, പല്ലുകൾക്ക് ബലക്ഷയം വരുക എന്നിവയും സംഭവിക്കും. തീരെ മെലിഞ്ഞ സ്ത്രീകളിൽ ഈ അവസ്ഥകള്‍ രൂക്ഷമായേക്കാം.

എല്ലുകളുടെ സുരക്ഷയ്ക്ക് കാത്സ്യം, വൈറ്റമിൻ ഡി എന്നിവ അത്യാവശ്യമാണ്. പാല്, തൈര്, ചെറുമത്സ്യങ്ങൾ, മുട്ട, പരിപ്പുവർഗ്ഗങ്ങൾ, മുരിങ്ങയില പോലുള്ള പച്ചിലക്കറികൾ, സീതപ്പഴം, പേരയ്ക്ക എന്നിവ നല്ലതാണ്. ഇതോടൊപ്പം അസ്ഥികളുടെ ബലത്തിനായി ജോഗിങ്, നടത്തം തുടങ്ങിയ വ്യായാമങ്ങളും ദിവസവും ചെയ്യുക,മെനോപോസിലെത്തിയതിനു ശേഷമല്ല, ചെറുപ്പത്തിലേ വ്യായാമം ശീലമാക്കുന്നത് അസ്ഥികളുടെ ഭാവി സുരക്ഷിതമാക്കും.

പൊണ്ണത്തടി സൂക്ഷിക്കുക

ഈസ്ട്രജൻ ലെവൽ താഴുന്നതോടെ ഭൂരിഭാഗം സ്ത്രീകളിലും ശരീരഭാരം കൂടാൻ സാധ്യതയുണ്ട്. മൊനോപോസിനു തൊട്ടുമുമ്പുള്ള ഘട്ടമാണ് പെരിമെനാപാസ്. പെരിമെനോപോസ് നാളുകളിൽ അരക്കെട്ട്, തുട, വയർ എന്നിവിടങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നു. വിശപ്പ് ഹോർമോൺ എന്നറിയപ്പെടുന്ന ഗ്രലിൻ ശരീരത്തിൽ അമിതമായി ഉല്പാദിപ്പിക്കപ്പെടുന്നതും പെരിമെനോപോസൽ നാളുകളിൽ അമിതവണ്ണത്തിനുള്ള മറ്റൊരു കാരണമാണ്. അമിതവണ്ണം ഹൃദയരോഗങ്ങളിലേക്കുള്ള എളുപ്പവഴിയാണ്. ശരിയായ ഭക്ഷണം, വ്യായാമം എന്നിവയാണ് പോംവഴി.

പരിശോധനകൾ കൃത്യതയോടെ

അൻപത്തഞ്ചു കഴിഞ്ഞവരിൽ അമിതമായി ബ്ളീഡിംഗ് കാണുന്നുവെങ്കിൽ ഡോക്ടറെ കണ്ട് പരിശോധനകളും ടെസ്റ്റുകളും നടത്തുക. മെനോപോസ് സമയത്ത് കൃത്യമായ ഇടവേളകളിൽ കാൻസർ, ഹൃദയാരോഗ്യ പരിശോധനകൾ നടത്തുക. സ്തനങ്ങൾ സ്വയം പരിശോധന നടത്തുകയോ, ഡോക്ടറുടെ മേൽനോട്ടത്തിൽ മാമോഗ്രാം നടത്തുകയോ ചെയ്യണം. ഏതു രോഗവും എത്രയും നേരത്തെ കണ്ടുപിടിക്കാമോ ആത്രയും അനായാസമാക്കും ചികിത്സ എന്നോർക്കുക. ഗർഭാശയമുഖ കാൻസർ നിർണയ പരിശോധനയായ പാപ്സ്മിയർ ടെസ് വർഷത്തിലൊരിക്കൽ ചെയ്യണം. ആവശ്യമെങ്കിൽ ഓസ്മിയോപൊറാസിസ് തടയാനായി കാത്സ്യം ഗുളികകൾ ഡോക്ടറുടെ നിർദ്ദേശത്തോടെ കഴിക്കാവുന്നതാണ്. മറിച്ചായാൽ കിഡ്നി സ്റ്റോൺ പോലുള്ള പ്രശ്നങ്ങളുള്ളവരെ പ്രതികൂലമായി ബാധിച്ചേക്കാം.

ജീവിതം മാറുന്നു.

ചുരുക്കത്തിൽ വിരാമം ആർത്തവത്തിനു മാത്രമാണ്, ആഹ്ലാദങ്ങൾക്ക് വിരാമമേയില്ലെന്നോർക്കുക. ആർത്തവത്തിന്റെ മടുപ്പിക്കുന്ന ദിനങ്ങളിൽ നിന്നും ശരീരം സ്വതന്ത്രയാകുന്നു എന്നത് തന്നെ സന്തോഷകരമല്ല. മാത്രമല്ല ഗർഭധാരണമുണ്ടാകുമോയെന്ന ആശങ്കയും വേണ്ട്. ഇതൊക്കെ ആർത്തവവിരാമത്തിന്റെ പോസിറ്റീവ് വശങ്ങളാണ്. ഇനിയുള്ള വർഷങ്ങൾ ശരീരത്തെ കൂടുതൽ സ്നേഹിക്കുകയും ഒരിത്തിരി കൂടുതൽ കരുതൽ നൽകുകയും ചെയ്യുക.